എള്ള് കൃഷിയില്‍ സ്വന്തം കൃഷിഅനുഭവങ്ങളും യന്ത്രവത്കരണവും സമന്വയിപ്പിച്ചപ്പോള്‍ വിളഞ്ഞത് നൂറുമേനി. കരിമണ്ണൂര്‍ പള്ളിക്കാമുറി സ്വദേശിയായ പറയിടത്തില്‍ അഡ്വ. ഷിബു ജോസഫും ഇദ്ദേഹത്തിന്റെ സുഹൃത്ത് റോയി കൊടുവേലിയുമാണ് എള്ള് കൃഷിയില്‍ പുതുപരീക്ഷണത്തിന് തയാറായത്.
പഴയകാലത്ത് നിരവധി കര്‍ഷക കുടുംബങ്ങളില്‍ എള്ള് കൃഷി സര്‍വസാധാരണമായിരുന്നു. നെല്‍കൃഷി സമൃദ്ധമായിരുന്ന വേളയില്‍ മകരക്കൊയ്ത്തിനുശേഷം തരിശുപാടങ്ങളിലാണ് സാധാരണയായി എള്ള് കൃഷി നടത്തിവന്നിരുന്നത്.
എന്നാല്‍ നെല്‍കൃഷി അന്യംനിന്നുപോയതോടെ ഏക്കര്‍കണക്കിനു പാടങ്ങള്‍ ഇന്നു വന്‍ നിര്‍മിതികളായി മാറി. ഇതിനുപുറമേ തെങ്ങും കമുകും പൈനാപ്പിളും റംബുട്ടാനും ഉള്‍പ്പെടെയുള്ളവ ഇടംനേടുകയും ചെയ്തു.
മികച്ച സൂര്യപ്രകാശവും ഏറെ വളക്കൂറുമുള്ള മണ്ണിലാണ് സാധാരണ എള്ള് സമൃദ്ധമായി വിളയുന്നത്. ഇതിനു പറ്റിയ സാഹചര്യമില്ലാത്തതിനാല്‍ ഭൂരിപക്ഷം കര്‍ഷകരുടെയും കൃഷിയിടങ്ങളില്‍നിന്നും ഈ കൃഷി അന്യംനിന്നുപോകാന്‍ കാരണമായി.
ഇതിനിടെയാണ് ഷിബുവും റോയിയും എള്ള് കൃഷിയില്‍ ഒരു കൈ പയറ്റാന്‍ തയാറെടുത്ത് മുന്നോട്ടുവന്നത്. റബര്‍ത്തോട്ടം വെട്ടി ഹൗസ് പ്ലോട്ട് തിരിച്ച് വില്പ്പനയ്ക്കായിട്ടിരുന്ന ഒരേക്കര്‍ സ്ഥലത്താണ് ഇരുവരും ചേര്‍ന്ന് കാരെള്ള് കൃഷി ചെയ്യാന്‍ തീരുമാനിച്ചത്.
ഷിബുവിന്റെ ബന്ധുവിന്റെ സ്ഥലമായിരുന്നതിനാല്‍ തങ്ങളുടെ ആഗ്രഹം അറിയിച്ചതോടെ സ്ഥലം വിട്ടുനല്‍കാന്‍ തയാറായി. സ്ഥലത്തെ കാടുംപടലും നീക്കി മണ്ണ് ഉഴുതെടുക്കുകയായിരുന്നു ആദ്യ ജോലി.
തൊഴിലാളികളെ നിയോഗിച്ചാല്‍ തങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന തിരിച്ചറിവില്‍ ഭൂരിഭാഗം ജോലികളും സ്വന്തം നിലയ്ക്ക് ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. മറ്റു കൃഷികളും വീട്ടിലെ അസൗകര്യങ്ങളും മൂലം കൂടുതല്‍ സമയം ചെലവഴിക്കാനും പരിമിതിയുണ്ടായിരുന്നു.
അതിനാല്‍ യന്ത്രവത്കരണം പ്രയോജനപ്പെടുത്തുകയെന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചത്. ഒരേക്കറില്‍ 600 ഗ്രാം വിത്താണ് വിതച്ചത്.
യന്ത്രവത്കരണം ഫലം കണ്ടു
യന്ത്രവത്കരണത്തിലൂടെയാണ് കൃഷിയുടെ 90 ശതമാനം ജോലികളും പൂര്‍ത്തീകരിച്ചത്. ചെറിയ ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതെടുത്തു. പിന്നീട് നെല്‍കൃഷിക്ക് പാടം ഒരുക്കുന്ന ഞവരി ഉപയോഗിച്ച് വിത്ത് പാകുന്നതിനു ചെറിയ ബെഡ്ഡുകള്‍ തയാറാക്കി.
53 ബെഡ്ഡുകളാണ് ഇപ്രകാരം തയാറാക്കിയത്. ഒരു ബെഡ്ഡില്‍ നാലു ലൈന്‍ എന്ന കണക്കില്‍ വിത്തുകള്‍ പാകുന്നതിനു സ്വന്തം പരിജ്ഞാനം പ്രയോജനപ്പെടുത്തുകയായിരുന്നു.
സാധാരണ കൈ ഉപയോഗിച്ച് മണ്ണില്‍ ചെറിയ കുഴികളെടുത്താണ് വിത്തുകള്‍ പാകുന്നത്. കൈ ഉപയോഗിച്ചാല്‍ വിരലുകളുടെ തൊലി പോകാനുള്ള സാധ്യത കൂടുതലാണ്.
അതിനാല്‍ ചെറുവലിപ്പത്തിലുള്ള പിവിസി പൈപ്പിന്റെ അടിഭാഗം ചെരിച്ച് മുറിച്ചശേഷം ഇതുപയോഗിച്ച് ചെറുതായി മണ്ണ് നീക്കി ഇതിനുള്ളിലൂടെ വിത്തുകള്‍ കുഴിയിലേക്ക് നിക്ഷേപിക്കുകയായിരുന്നു. കുനിഞ്ഞുനിന്നു വിത്ത് പാകുന്ന ഭാരിച്ച ജോലിയും ഇതിലൂടെ ഒഴിവാക്കാനായി.
ഫോളിയാര്‍ ഫെര്‍ട്ടിലൈസേഷന്‍
ശാസ്ത്രീയമായ വളപ്രയോഗമാണ് കൃഷിയിടത്തില്‍ സ്വീകരിച്ചത്. ആറുതവണ വളം നല്‍കിയെങ്കിലും ഒരു തവണ പോലും ചെടികളുടെ ചുവട്ടില്‍ നേരിട്ട് നല്‍കിയില്ല. മിസ്റ്റ് ബ്ലോവര്‍ ഉപയോഗിച്ച് ഇലവളം (ഫോളിയാര്‍ ഫെര്‍ട്ടിലൈസേഷന്‍) സ്പ്രേ ചെയ്യുകയായിരുന്നു.
ഇതിലൂടെ വളം അല്പം പോലും നഷ്ടപ്പെടാതെ കൃത്യമായി ഓരോ ചെടിക്കും ലഭ്യമാക്കാന്‍ കഴിഞ്ഞു. കള പറിക്കാന്‍ മാത്രമാണ് മനുഷ്യാധ്വാനം ഉപയോഗിക്കേണ്ടിവന്നത്. ഇതും ഇരുവരും സ്വന്തമായി ചെയ്തു.
ഒരു ചെടിയില്‍ 100 മുതല്‍ 150 വരെ കായ്കളാണുള്ളത്. ഒരുകായയില്‍ കുറഞ്ഞത് 40-50 വരെ വിത്തുകളുണ്ട്. എള്ളില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പോഷകസമൃദ്ധമാണിത്.
നവജാത ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഏറെ ഉത്തമം. അതിനാല്‍ വന്‍ ഡിമാൻഡാണ് എള്ളിനുള്ളത്. ഇതോടൊപ്പം പലഹാരനിര്മാണത്തിനും മിഠായികള്‍ തയാറാക്കുന്നതിനും എള്ള് ഉപയോഗിച്ചുവരുന്നുണ്ട്.
കാഡ്സ് പഠനയാത്ര
വിജയകരമായി നടപ്പാക്കിയ യുവകര്‍ഷകരുടെ എള്ള് കൃഷി കാണാനും പഠിക്കാനുമായി സ്കൂളുകളില്‍നിന്നു വിദ്യാര്‍ഥികളടക്കം നിരവധിപ്പേരാണ് കൃഷിയിടത്തില്‍ എത്തുന്നത്.
തൊടുപുഴ കാഡ്സ് ചെയര്മാന് ആന്റണി കണ്ടിരിക്കലിന്റെ നേതൃത്വത്തില്‍ എള്ള് കൃഷി സംബന്ധിച്ച് പഠിക്കുന്നതിനായി നിരവധി കര്‍ഷകരെ പങ്കെടുപ്പിച്ച് ഇവിടേക്ക് പഠനയാത്രയും നടത്തിയിരുന്നു. ജില്ലയ്ക്കകത്തും പുറത്തുനിന്നും നിരവധി കര്‍ഷകര്‍ ഇവിടെ എത്തുന്നുണ്ട്.
കരിമണ്ണൂര്‍ കൃഷിഭവനില്‍നിന്നുള്ള മികച്ച പിന്തുണ തങ്ങള്‍ക്ക് ഏറെ സഹായകരമായതായി ഷിബുവും റോയിയും പറഞ്ഞു. സ്ഥലം ലഭ്യമായാല്‍ അടുത്ത സീസണില്‍ വിപുലമായ രീതിയില്‍ കൃഷി നടത്താനാണ് ഇവരുടെ തീരുമാനം.
ജനുവരി ആദ്യവാരത്തോടെ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. ഈ വര്‍ഷം മഴ മാറാന്‍ താമസിച്ചതിനാലാണ് വിളവെടുപ്പ് വൈകിയതെന്നും സാധാരണ 90 മുതല്‍ 100 ദിവസം വരെയാണ് വിളവെടുപ്പിനു വേണ്ടതെന്നും ഇവര്‍ പറഞ്ഞു.